സോവിയറ്റ് വിദ്യാഭ്യാസത്തെപ്പറ്റി
1917 നവംബറില്‍ റഷ്യയില്‍ നടന്ന ലോകത്തിലെ ആദ്യ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദി വര്‍ഷമാണിത്. റഷ്യന്‍ സമൂഹത്തില്‍ മാത്രമല്ല ലോകചരിത്രത്തെതന്നെ ആ വിപ്ലവം മാറ്റിമറിച്ചു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ അത് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ദാരിദ്ര്യവും ചൂഷണമനുഭവിക്കുന്നവര്‍ക്ക് അത് നല്‍കുന്ന സന്ദേശവും ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് മഹത്തായ ആ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാചരണം. സോവിയറ്റ് യൂണിയന്‍ നടന്ന വിദ്യാഭ്യാസമുന്നേറ്റത്തെക്കുറിച്ചാണ് ഈ ലേഖനം.
വളരെ പിന്നാക്കം നിന്നിരുന്ന കാര്‍ഷിക രാജ്യമായിരുന്നു വിപ്ലവത്തിന് മുന്‍പുള്ള സാറിസ്റ്റ് റഷ്യ. തടി കലപ്പകള്‍ ഉപയോഗിച്ച് മൃഗങ്ങളെക്കൊണ്ടും മനുഷ്യനെകൊണ്ടും നിലം ഉഴുതിരുന്ന, ടാര്‍ റോഡുകള്‍ അപൂര്‍വമായിരുന്ന, ചെളിയിലും തടിയിലും നിര്‍മ്മിച്ച വീടുകളില്‍ ബഹുഭൂരിപക്ഷം ജനങ്ങളും വസിക്കുന്ന  ഒരു രാജ്യം. നഗരങ്ങള്‍ക്ക് പുറത്ത് യന്ത്രങ്ങളോ റെയിലോ ഉണ്ടായിരുന്നില്ല. 1914 ലെ ഒന്നാം ലോകയുദ്ധം റഷ്യന്‍ സാമ്പദ് വ്യവസ്ഥയെ  കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തി.
 സാറിസ്റ്റ് റഷ്യയില്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം വളരെ കുറവായിരുന്നു. ലഭിച്ചിരുന്ന മതവിദ്യാഭ്യാസം പോലും ഉന്നതകുലജാതരുടെ വിശേഷാവകാശമായിരുന്നു. സാധാരണക്കാരന് വിദ്യാഭ്യാസത്തിനുള്ള സൗകര്യവും പരിമിതമായിരുന്നു. സോഷ്യലിസ്റ്റ് വിപ്ലവം റഷ്യയില്‍ പുതുയുഗപിറവിക്ക് നാന്ദി കുറിച്ചു. പ്രാകൃതമായ ഉല്‍പ്പാദനരീതികള്‍ കൊണ്ട് ഇഴഞ്ഞു നീങ്ങിയിരുന്ന, യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ആ രാജ്യം വളരെ ചെറിയ കാലയളവുകൊണ്ട് സര്‍വ്വമേഖലകളിലും വികാസം പ്രാപിച്ച ആധുനിക രാഷ്ട്രമായി മാറി. പട്ടിണിയും ദാരിദ്ര്യവും ചൂഷണവും അജ്ഞതയും ഇല്ലാതാക്കാന്‍ സോവിയേറ്റ് ജനത നടത്തിയ പ്രയത്‌നം മാനവരാശിക്ക് അത്ഭുതാദരങ്ങളോടെയേ സ്മരിക്കാനാകൂ.
വിദ്യാഭ്യാസം സോവിയറ്റ് യൂണിയനില്‍
'സാറിസ്റ്റ് വാഴ്ചയില്‍, കിര്‍ഗിസ്ഥാനില്‍ 2000 ത്തില്‍ ഒരാള്‍ക്കു മാത്രമേ എഴുത്തും വായനയും അറിയുമായിരുന്നുള്ളൂ.! (ഡടടഞുെലമസ െളീൃ ശെേലഹള. ജമഴല: 269)
അതായത് സാക്ഷരത 0.05%! സാറിസ്റ്റ് റഷ്യയില്‍, നിരക്ഷരതയുടെ എണ്ണം 73 ശതമാനമായിരുന്നു (9 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഒഴിവാക്കിയുള്ള കണക്ക്)
1951 ആയപ്പോള്‍ സോഷ്യലിസ്റ്റ് റഷ്യ പൂര്‍ണ്ണ സാക്ഷരത നേടി. വിപ്ലവാനന്തരം വെറും 20 വര്‍ഷം കൊണ്ട് സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണം അസര്‍ബൈജാനില്‍ 35 മടങ്ങും കസാഖില്‍ 58 മടങ്ങും അര്‍മേനിയയില്‍ 68 മടങ്ങും കിര്‍ഗിസ്ഥാനില്‍ 172 മടങ്ങും വര്‍ദ്ധിച്ചു! സാറിസ്റ്റ് റഷ്യയില്‍, റഷ്യന്‍ ഭാഷയിലൊഴികെ മറ്റൊരു ഭാഷയിലും പഠനം അനുവദിച്ചിരുന്നില്ല. എന്നാല്‍ 1936 ആയപ്പോള്‍ യുഎസ്എസ്ആര്‍ ലെ സ്‌കൂള്‍ കുട്ടികള്‍, അവരുടെ സ്‌കൂളുകളില്‍ 112 ഭാഷ പഠിക്കാന്‍ തുടങ്ങി. ഉപദേശീയതകളുടെ 52 ഭാഷകള്‍ക്ക് പുതിയ ലിപി സൃഷ്ടിച്ചു. 1913 ല്‍ റഷ്യയിലെ ആകെ സ്‌കൂള്‍ അദ്ധ്യാപകരുടെ എണ്ണം 90,400 ആയിരുന്നു. 1936 ല്‍ അത് 10 ലക്ഷമായി ഉയര്‍ന്നു! വിപ്ലവത്തിനുമുമ്പ് ബൈലോറഷ്യയില്‍ ഒരു യൂണിവേഴ്‌സിറ്റി പോലും ഉണ്ടായിരുന്നില്ല. 1939 ആയപ്പോള്‍ അവിടെ 22 യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിച്ചു. ഒരു യൂണിവേഴ്‌സിറ്റി മാത്രമുണ്ടായിരുന്ന ജോര്‍ജ്ജിയയില്‍ 18 എണ്ണം സ്ഥാപിച്ചു.
1917 ഒക്‌ടോബറില്‍ മോസ്‌കോവില്‍ 30 ഉം, പെട്രോഗ്രാഡില്‍ 23 ഉം ലൈബ്രറികളാണ് ഉണ്ടായിരുന്നുള്ളൂ. 1917 ലെ കണക്കനുസരിച്ച് മോസ്‌കോവിലുണ്ടായിരുന്ന ആകെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 369 ആണ്.
 സാറിസ്റ്റ് ഭരണകൂടത്തന് കീഴില്‍ 70 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. 1957ല്‍ ആയപ്പോഴേക്കും 3.5 കോടി പേര്‍ വിദ്യാഭ്യാസ പ്രക്രിയയിലേക്ക് വര്‍ഷം തോറും കടന്നുവന്നു. 18 ലക്ഷം അദ്ധ്യാപകര്‍ നിയമിക്കപ്പെട്ടു. പ്രത്യേക സ്‌കൂളുകള്‍, അപ്രന്റീസ്ഷിപ്പ് എന്നീ പ്രത്യേക പദ്ധതികളിലൂടെ 1.5 കോടി പേരെ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കാനും സോവിയറ്റ് യൂണിയന് സാധിച്ചിരുന്നു.
 ഉസ്ബക്ക് പ്രവിശ്യയില്‍ 1957 ല്‍ 13,00,000 കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഒരു ശൃംഖലതന്നെ നിലവില്‍വന്നു. ഉസ്‌ബെസ്‌ക്കിസ്ഥാനില്‍ ആകമാനം 260 പത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. യുവതലമുറ പരിപൂര്‍മായും സാക്ഷരരായി മാറ്റപ്പെട്ടു. വിപ്ലവത്തിന് മുമ്പ് ജീവിച്ചിരുന്ന തലമുറയില്‍ ഭൂരിപക്ഷത്തേയും എഴുത്തും വായനയും അഭ്യസിപ്പിച്ചു.
 1957 ആയപ്പോഴേക്കും സോവിയറ്റ് യൂണിയന്‍ വിദ്യാഭ്യാസം പരിപൂര്‍ണമായും സൗജന്യമാക്കി, പ്രാധമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കി, എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുകയും ചെയ്തു.
 പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ വിവിധ വിഷയങ്ങളില്‍ അടിസ്ഥാന ധാരണ രൂപീകരിക്കാന്‍ സാധിക്കുന്ന കരിക്കുലം സോവിയറ്റ് യൂണിയനിലുണ്ടായിരുന്നു. റഷ്യന്‍ ഭാഷയും സാഹിത്യവും, ഗണിതം, ചരിത്രം, സോവിയറ്റ് ഭരണ ഘടന, ഭൂമിശാസ്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ബഹിരാകാശ ശാസ്ത്രം, രസതന്ത്രം, മനശാസ്ത്രം, വിദേശ ഭാഷാ പഠനം, ഭൗതിക വ്യായാമം, ചിത്രകല, സംഗീതം, ട്രാഫ്റ്റ്മാന്‍ഷിപ്പ്, പ്രവര്‍ത്തനവും പ്രായോഗിക പഠനവും,  കൃഷി, മെഷീനുകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയില്‍ പരിശീലനം ഇവയെല്ലാം ചേര്‍ന്നതായിരുന്നു സോവിയറ്റ് യൂണിയനിലെ വിദ്യാഭ്യാസം!
 പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ഓരോ വിദ്യാര്‍ത്ഥിയുടേയും അഭിരുചികളും ശേഷികളും കൃത്യമായി വിലയിരുത്തപ്പെട്ടിരുന്നു. മാത്രമല്ല അതിനുതകുന്ന ഉന്നതവിദ്യാഭ്യാസവും ശേഷം തൊഴിലും സോവിയറ്റ് ഭരണകൂടം ഉറപ്പ് നല്‍കിയിരുന്നു. വിദ്യാഭ്യാസം ഇടയ്ക്ക് നിര്‍ത്തേണ്ടി വരുന്നവര്‍ക്ക് ജീവിതത്തിന്റെ ഏത് ഘട്ടത്തിലും വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ അവസരമുണ്ടായിരുന്നു. വിദ്യാഭ്യാസ ചെലവുകള്‍ മാത്രമല്ല വിദ്യാഭ്യാസ കാലഘട്ടത്തിലെ മറ്റു ചെലവുകളും സ്‌റ്റൈപന്റുകളിലൂടേയും സ്‌കോളര്‍ഷിപ്പിലൂടേയും നല്‍കി.
ജിജ്ഞാസ ജനങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമായി. വായന പ്രോത്സാഹിപ്പിക്കപ്പെട്ടു. പയനിയര്‍ ഹൗസുകള്‍, വ്യവസായ ശാലകള്‍, അവധിക്കാല സെന്ററുകള്‍, ക്ലബുകള്‍, റേഡിയോ, ടിവി പരിപാടികള്‍, സഹകരണ സ്ഥാപനങ്ങള്‍, തിയേറ്റര്‍, മ്യൂസിയം, ലൈബ്രറികള്‍, പത്രങ്ങള്‍ എല്ലാം വിദ്യാഭ്യാസത്തിനുള്ള ഉപകരണങ്ങളും ഉപാധികളുമായി മാറ്റപ്പെട്ടു. നിരന്തര  വിദ്യാഭ്യാസം എന്ന നയം നടപ്പിലാക്കി. തൊഴിലിടവും കളിസ്ഥലവും നാടകശാലകളും സിനിമകളും അവിടുത്തെ വ്യവഹാരങ്ങളും വിദ്യാഭ്യാസ പ്രക്രിയയുമായി ബന്ധിക്കപ്പെട്ടു.
 സോവിയറ്റ് വിദ്യാഭ്യാസത്തെ നയിക്കുന്നതിന് ഓരോ പ്രവിശ്യയിലും അക്കാഡമി ഓഫ് സയന്‍സസ് രൂപീകരിച്ചിരുന്നു. അതിനു കീഴിലായി സര്‍വകലാശാലകള്‍ സ്ഥാപിച്ചു. ഉന്നത നിലവാരമുള്ള ശാസ്ത്രജ്ഞരേയും എഞ്ചിനീയര്‍മാരേയും അദ്ധ്യാപകരേയും സൃഷ്ടിക്കുന്ന ഇടങ്ങളായി സര്‍വകലാശാലകള്‍ വര്‍ത്തിച്ചു. ഇതിന് കീഴിലായി പ്രവര്‍ത്തിച്ചിരുന്ന ഇന്‍സ്റ്റ്യുറ്റിയൂട്ടുകള്‍ ഗവേഷണവും അദ്ധ്യാപനവും എന്നീ രണ്ട് ധര്‍മങ്ങളാണ് നിര്‍വഹിച്ചത്.
 അതോടൊപ്പം വിദ്യാഭ്യാസ മേഖലയിലെ ഗവേഷണത്തിനായി മോസ്‌കോയില്‍ ബോധനശാസ്ത്ര (ജലറമഴീഴശരമഹ) ഇന്‍സ്റ്റിയിറ്റിയൂട്ട് സ്ഥാപിച്ചു. 1958ല്‍ 1200  പേര്‍ (അതില്‍ പകുതിയും പ്രഗത്ഭരായ ബോധന ശാസ്ത്രജ്ഞര്‍) അതില്‍ പ്രവര്‍ത്തിച്ചിരുന്നു. 10,000,00 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി അവിടെ സ്ഥാപിച്ചിരുന്നു. രാജ്യത്താകമാനം 4,000,00 ലൈബ്രറികള്‍ പ്രവര്‍ത്തിച്ചിരുന്നു. മോസ്‌കോയിലെ പ്രശസ്ത ലെനിന്‍ ലൈബ്രറിയില്‍ മാത്രം 2 കോടി പുസ്തകങ്ങളുണ്ടായിരുന്നു.
  ലോകത്ത് അന്ന് വരെ കാണാത്ത മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ആ മഹത്തായ രാജ്യം ജനങ്ങള്‍ക്ക് നല്‍കി. വൈജ്ഞാനിക മുന്നേറ്റത്തിന്റേതായ ആ കാലത്ത് സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച വ്യക്തികള്‍ - 1958ല്‍ അമേരിക്കന്‍ ആരോഗ്യ, വിദ്യാഭ്യാസ ക്ഷേമ വകുപ്പില്‍ വിദ്യാഭ്യാസകാര്യ കമ്മീഷണറായിരുന്ന ഡോ.ലോറന്‍സ് ജി ഡെര്‍ത്തിക്ക്, കൊളംബിയ സര്‍വകലാശാലയില്‍ തത്വശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ജോര്‍ജ് എല്‍ ക്ലൈന്‍, വിദ്യാഭ്യാസ വികാസത്തിനുള്ള ഫോര്‍ഡ് ഫണ്ട് ഡയറക്ടര്‍ ഡോ.അല്‍വിന്‍ സി യൂറിച്ച് - പോലുള്ള വ്യക്തിത്തങ്ങളെല്ലാം സോവിയറ്റ് യൂണിയനിലെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ ശ്ലാഘിച്ച അമേരിക്കക്കാരാണ്. ഡോ. ഡെര്‍ത്തിക്ക് സോവിയറ്റ് വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളായി ചൂണ്ടികാണിച്ച വസ്തുതകള്‍ സംഗ്രഹിച്ച് താഴെ ചേര്‍ക്കുന്നു.
 സോവിയറ്റ് യൂണിയന്‍ രാഷ്ട്ര പുരോഗതിക്കായി വിദ്യാഭ്യാത്തെ ഉപയോഗിച്ചതുപോലെ നമുക്കാര്‍ക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നമ്മുടെ ആദ്യപ്രതികരണം അദ്ഭുതമാണ്. സോവിയറ്റ് വിദ്യാഭ്യസ സമ്പ്രദായം ഞങ്ങളുടെ സംഘത്തെ ഉന്മത്തരാക്കി കളഞ്ഞു. ഇതാ ചില തെളിവുകള്‍.
 1) ആവശ്യത്തിന് വലിപ്പമുള്ള ക്ലാസ് മുറികള്‍,  2) ഒരു പരിമിതികളുമില്ലാത്ത ശ്രദ്ധയോടെ തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകര്‍, 3) വിദേശ ഭാഷ പഠനത്തിനടക്കമുള്ള വിശാല സാധ്യതകള്‍, 4) സ്‌കൂള്‍ സമയത്തിന് പുറത്തും വേനലവധിയിലും വിദഗ്ദരുടെ മേല്‍നോട്ടത്തോടെ തുടരുന്ന വിദ്യാഭ്യാസം, 5) കരിക്കുലം വിദഗ്ധര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ ലഭ്യത, 6)ആവശ്യകതക്കനുസരിച്ചുള്ള ഫണ്ട്, 7)രക്ഷിതാക്കളെ സ്‌കൂളിന്റെ ഭാഗമാക്കിമാറ്റികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍.
സോവിയറ്റ് വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളായി ഡോ. ഡെര്‍ത്തിക്ക് ചൂണ്ടികാണിക്കുന്ന പ്രത്യേകതകളാണ് ഇവയൊക്കെ.
 1956, 57 കാലത്ത് സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച ജോര്‍ജ്. എല്‍. ക്ലൈന്‍ പറയുന്നു 'സോവിയറ്റ് യൂണിയന്‍ വിദ്യാഭ്യാസ മേഖലയില്‍ എഞ്ചിനിയര്‍മാരേയും സ്രോതസ്സുകളേയും വിനിയോഗിച്ചതുപോലെ  മറ്റേതെങ്കിലുമൊരു രാജ്യം വിനിയോഗിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. മറ്റേതൊരു രാജ്യത്തെ രാഷ്ട്രതന്ത്രജ്ഞരും  ആസൂത്രിത വിദ്യാഭ്യാസത്തിന് നല്‍കാതിരുന്ന പ്രാധാന്യം തുടക്കം മുതലേ സോവിയറ്റ് രാഷ്ട്രതന്ത്രജ്ഞര്‍ നല്‍കിയിരുന്നു..........' (ദി ന്യൂ ലീഡര്‍, ജൂണ്‍ 16, 1958, പേജ് 6)

ബോധനശാസ്ത്രവും ബോധനരീതിയും
ജനങ്ങളിലെ അറിയാനും അറിയിക്കാനുമുള്ള ആഗ്രഹവും പരിശ്രമവും വളര്‍ത്തുക, നേടിയ അറിവിനെ സമൂഹത്തിന്റേയും ജീവിതത്തിന്റേയും സര്‍വ്വ മണ്ഡലങ്ങളിലും പ്രയോഗിക്കാന്‍ പ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക, അങ്ങനെ ഉല്‍പ്പാദനത്തിന്റെ സര്‍വ്വമേഖലകളിലും വികാസം ഉറപ്പാക്കി സാമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുക  എന്നതായിരുന്നു സോവിയറ്റ് വിദ്യാഭ്യാസത്തിന്റെ കാതല്‍
സാമൂഹ്യ പുരോഗതിയെന്നതുകൊണ്ട് സോവിയറ്റ് യൂണിയന്‍ ഉദ്ദേശിച്ചത് വ്യക്തിഗതമായ സാമ്പത്തിക നേട്ടമോ വ്യക്തിഗത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സൗകര്യങ്ങളുടെ വികാസമോ അല്ല. മറിച്ച് സമൂഹത്തിന്റെ ഒന്നാകെയുള്ള സാമ്പത്തികവും സാംസ്‌കാരികവും ആശയപരവുമായ ഉന്നമനമായിരുന്നു. അതിനായി കൂട്ടായ്മയുടെ ചിന്തയും സംസ്‌കാരവും മൂല്യങ്ങളും സമൂഹത്തിലെ ഓരോ വ്യക്തിയിലും സന്നിവേശിപ്പിക്കാന്‍ സോവിയറ്റ് വിദ്യാഭ്യാസം പരിശ്രമിച്ചു. മറ്റ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി വളരെ കാലത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷം നിരന്തര വിദ്യാഭ്യാസം എന്ന സമ്പ്രദായം നടപ്പിലാക്കി. കുട്ടികള്‍ക്കും യുവാക്കള്‍ക്കും എല്ലാ സമയവും വിദഗ്ധരുടെ മേല്‍നോട്ടം ലഭിച്ചു. പ്രയോഗത്തേയും സിദ്ധാന്തത്തേയും ഏകോപിപ്പിച്ച്‌കൊണ്ട് പരീക്ഷണങ്ങള്‍, മോഡലുകള്‍ നല്‍കിയുള്ള പരിശീലനം, വ്യവസായശാലകളിലും കൃഷിയിടത്തിലുമുള്‍പ്പടെയുള്ള പരിശീലനങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കപ്പെട്ടു.
 സോവിയറ്റ് യൂണിയനില്‍ ഏറ്റവും ആദരിക്കപ്പെടുന്ന തൊഴിലായി അദ്ധ്യാപനം മാറി.

എന്തുകൊണ്ട് സോവിയറ്റ് യൂണിയന്‍
ലോകത്ത് നിലവില്‍വന്ന എല്ലാ ആധുനിക ജനാധിപത്യ രാജ്യങ്ങളും അവയുടെ പ്രഖ്യാപിത ലക്ഷ്യമായി ജനാധിപത്യ, മതേതര, ശാസ്ത്രീയ വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് മുന്നോട്ട്‌വയ്ക്കുന്നുണ്ട് എന്നാല്‍ അവയ്‌ക്കൊന്നും അത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. 2015 ലെ കണക്ക് പ്രകാരം നമ്മുടെ രാജ്യത്തെ സാക്ഷരത 72.1 ശതമാനം മാത്രമാണ്. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ വികസിത മുതലാളിത്ത രാജ്യങ്ങളൊന്നുംതന്നെ സാക്ഷരതാ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല! എന്നുമാത്രമല്ല വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും മുതലാളിത്ത ജനാധിപത്യ രാജ്യങ്ങള്‍ ഇന്ന് വെള്ളം ചേര്‍ത്തിരിക്കുന്നു. 1991 ന് ശേഷം എല്ലാ മുതലാളിത്ത രാജ്യങ്ങളും മുതലാളിത്തത്തിനകത്ത് വിദ്യാഭ്യാസമെന്നാല്‍ തൊഴില്‍ പരിശീലനം മാത്രമാണെന്നും വ്യക്തിയുടെ സമഗ്ര വികസനമല്ലെന്നും ആ പരിശീലനം നേടണമെങ്കില്‍ പണം കൊടുക്കണം എന്നും തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അതിനുതകുന്ന വിദ്യാഭ്യാസ പ്രക്രിയ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു.
മുതലാളിത്ത രാജ്യങ്ങള്‍ക്ക് സാധിക്കാത്തത് സോവിയറ്റ് യൂണിയന് എങ്ങനെ സാധിച്ചു?
സോവിയറ്റ് യൂണിയനും
തൊഴിലാളി വര്‍ഗ്ഗ ജനാധിപത്യവും
ജനാധിപത്യ രാജ്യങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന എല്ലാ രാജ്യങ്ങളും, നമ്മുടെ രാജ്യമുള്‍പ്പടെ മുതലാളിത്ത രാജ്യങ്ങളാണ്. ആ രാജ്യങ്ങളിലെ ഉല്‍പാദനത്തിന്റെ ലക്ഷ്യം ലാഭമാണ്. ഉല്‍പാദന ഉപാധികള്‍ വ്യക്തിഗത ഉടമസ്ഥതയിലാണ്. തൊഴിലാളിയുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്താണ് ലാഭം സൃഷ്ടിക്കുന്നത്.  മുതലാളിത്ത ഭരണകൂടമാകട്ടെ ഈ ചൂഷണത്തെ നിയമപരമായി സംരക്ഷിക്കുന്ന രാഷ്ട്രീയ സ്ഥാപനമാണ്.
ഇതില്‍ നിന്നും തികച്ചും വിഭിന്നമായിരുന്നു സോവിയറ്റ് വ്യവസ്ഥിതി. സോവിയറ്റ് യൂണിയനില്‍ വിപ്ലവത്തിലൂടെ സ്ഥാപിക്കപ്പെട്ടത് തൊഴിലാളി വര്‍ഗ്ഗ ജനാധിപത്യമാണ്. അവിടെ ഉല്‍പാദന ലക്ഷ്യം ലാഭമല്ല, സമൂഹത്തിന്റെ ആവശ്യകതയായിരുന്നു അതുകൊണ്ട് തന്നെ ആ വ്യവസ്ഥ ചൂഷണരഹിതമായിരുന്നു. മനുഷ്യന്‍ മനുഷ്യനുമേല്‍ നടത്തിയിരുന്ന ചൂഷണത്തെ നിയമപരമായി തടയുന്ന രാഷ്ട്രീയ സ്ഥാപനമായിരുന്നു സോഷ്യലിസ്റ്റ് ഭരണകൂടം. മുതലാളിത്ത ജനാധിപത്യവും തൊഴിലാളി വര്‍ഗ്ഗ ജനാധിപത്യവും തമ്മിലുള്ള മൗലികമായ വ്യത്യാസം ഇതാണ്. മുതലാളിത്ത രാജ്യങ്ങള്‍ക്ക് സാര്‍വ്വത്രികമായ ജനാധിപത്യ വിദ്യാഭ്യാസം നടപ്പിലാക്കാന്‍ സാധിക്കാതിരുന്നതും സോവിയറ്റ് യൂണിയന് അതിന് സാധിച്ചതും ഭരണകൂടത്തിന്റെ ഈ സവിശേഷത മൂലമാണ്.

വിജ്ഞാനമെന്നത് മനുഷ്യപുരോഗതിയുടേയും വിമോചനത്തിന്റേയും അവശ്യ മുന്നുപാധിയാണ്.  എന്നാല്‍ ജനങ്ങളുടെ അജ്ഞതയിലാണ് മുതലാളിത്ത ഭരണകൂടങ്ങളുടെ ശക്തി കുടികൊള്ളുന്നത്. അതിനാല്‍ വിജ്ഞാനത്തിന്റെ വികാസത്തേയും വ്യാപനത്തേയും മുതലാളിത്തം ഭയപ്പെടുന്നു. വിജ്ഞാനത്തിന്റെ വളര്‍ച്ചയെ കെട്ടഴിച്ച്‌വിട്ട സോവിയറ്റ് യൂണിയനെ അതിനാല്‍ മുതലാളിത്തം മരണ ഭയത്തോടുകൂടിയാണ് കണ്ടത്. ആ രാജ്യത്തിന്റെ തകര്‍ച്ച മുതലാളിത്തത്തിന്റെ ആവശ്യമായിരുന്നു. അതിനാല്‍ ആദ്യ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ ശില്പികളായ ലെനിനും സ്റ്റാലിനും ലോകമുതലാളിത്തത്തിന്റെ ശത്രുക്കളാണ്. മഹാനായ ലെനിനും അദ്ദേഹത്തിന്റെ  സിദ്ധാന്തങ്ങളെ പ്രയോഗവല്‍കരിച്ച മഹാനായ സ്റ്റാലിനും മുതലാളിത്ത മാദ്ധ്യമങ്ങളുടെ പിന്തുണയോടെ അവമതിക്കപ്പെട്ടു. സ്റ്റാലിന് ശേഷം അധികാരത്തിലേറിയവര്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളില്‍ നിന്ന് വ്യതിചലിച്ചതുമൂലം ആ മഹത്തായ രാഷ്ട്രം ഇല്ലാതാകാന്‍ കാരണമായി. സോവിയേറ്റ് യുണിയനില്‍ മുതലാളിത്തം പുനസ്ഥാപിക്കപ്പെട്ടപ്പോള്‍ ആ അവസരവും സോഷ്യലിസത്തെ അവമതിക്കാന്‍ മുതലാളിത്തം വിനിയോഗിച്ചു. സോഷ്യലിസം പ്രായോഗികമല്ലാത്ത സിദ്ധാന്തമാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു. കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ പ്രയോഗിച്ച് സോവിയറ്റ് യൂണിയന്‍ നേടിയ അഭിവൃദ്ധി മറച്ചുവയ്ക്കപ്പെട്ടു. സ്റ്റാലിന് ശേഷം സോവിയേറ്റ് യൂണിയനില്‍ അധികാരത്തില്‍വന്ന ക്രൂഷ്‌ചേവ് മുതലുള്ളവര്‍ ആവിഷ്‌കരിച്ച മുതലാളിത്ത നയങ്ങളാണ് സോഷ്യലിസത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്നും അവര്‍ മറച്ചുവച്ചു.
മുതലാളിത്ത സമൂഹത്തില്‍ വിദ്യാഭ്യാസം ലക്ഷ്യംവയ്ക്കുന്നത് വൈജ്ഞാനിക വികാസത്തെയും സാംസ്‌കാരിക മുന്നേറ്റത്തെയും അടിസ്ഥാനപ്പെടുത്തിയ സാമൂഹത്തിന്റെ നിലനില്‍പ്പല്ല. വ്യക്തിഗത നേട്ടങ്ങളും പരമാവധി സ്വകാര്യലാഭവുമാണ്. അവിടെ സഹജീവികള്‍ എതിരാളികളാണ്.
നമ്മുടെ കര്‍ത്തവ്യം
 എന്തുകൊണ്ട് തൊഴിലില്ലായ്മ?, ദാരിദ്ര്യം?, വിദ്യാഭ്യാസ കച്ചവടം? അവയ്ക്ക് അറുതിവരുത്താനാവുമോ  ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ നമ്മേ പ്രാപ്തമാക്കാത്തതെന്തുകൊണ്ടാണ്?  എന്ത്‌കൊണ്ട് മറ്റുള്ളവരുടെ വേദനകളെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല? എവിടെപോയി നമ്മുടെ ആര്‍ദ്രത, കരുണ, സ്‌നേഹം, അനുതാപം - മാനുഷിക വികാരങ്ങള്‍? സാഹോദര്യത്തിന്റ സംസ്‌കാരം?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടാനുള്ള ശേഷി നാം വിദ്യാര്‍ത്ഥികള്‍ വീണ്ടെടുക്കേണ്ടതുണ്ട്. അതിനുതകുന്ന അറിവും ആശയങ്ങളും നാം കണ്ടെത്തേണ്ടിയിരിക്കുന്നു. ചൂഷണരഹിതമായ സാമൂഹ്യവ്യവസ്ഥിതിയാവണം നമ്മുടെ ലക്ഷ്യം. എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്ന, ദാരിദ്ര്യവും തൊഴിലില്ലായ്മയും നിസ്സംഗതയും നിസ്സഹായതയുമില്ലാത്ത പുതിയൊരു സംസ്‌കൃതി സൃഷ്ടിക്കാന്‍ മഹത്തായ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പാഠങ്ങള്‍ തീര്‍ച്ചയായും കരുത്തുപകരും.

അവലംബം-
1) പ്രയോഗത്തെക്കുറിച്ച്, മാവോ സേതൂങ്ങ്
2) സോവിയറ്റ് വിദ്യാഭ്യാസം, സ്‌കോട്ട് നിയറിംഗ് (അദ്ധ്യാപകനും വിദ്യാഭ്യാസ വിചക്ഷകനുമായ സ്‌കോട്ട് നിയറിംഗ് 1925 മുതല്‍ 1958 വരെയുള്ള കാലയളവില്‍ സോവിയറ്റ് വിദ്യാഭ്യാസത്തെ പഠിക്കുകയെന്ന ഉദ്ദേശത്തോടുകൂടി പലതവണ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കുകയൂണ്ടായി.)
3) 1919 ലെ റഷ്യ, ആര്‍തര്‍ റാന്‍സം
4) മാനവ ശക്തി ചരിത്ര പ്രദര്‍ശനം

No comments:

Post a Comment