വിദ്യാഭ്യാസ വായ്പ പരിഹാരമല്ല,പ്രശ്‌നമാണ്
'നികുതികള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കണമെന്നും, വിദ്യാഭ്യാസത്തിനും മറ്റ് സാമൂഹ്യ പരിഷ്‌കാരങ്ങള്‍ക്കുമുള്ള നീക്കിയിരുപ്പില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകണം എന്നുമുള്ള രണ്ട് കാര്യങ്ങള്‍ ഒരേ സമയം എങ്ങനെ നടപ്പാകുമെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഭീമമായി പെരുകിയിരിക്കുന്ന യുദ്ധച്ചെലവ് കുറയ്ക്കുക എന്നതാണ് ഈ രണ്ട് ലക്ഷ്യങ്ങളും ഒരേ സമയം നേടിയെടുക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം എന്നതാണ് എന്റെ ഉത്തരം.' ഗോപാലകൃഷ്ണ ഗോഖലെ 1911 ല്‍ ബ്രിട്ടീഷ് ഇംപീരിയല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച പ്രമേയത്തിലെ വരികളാണിവ. ' ശാസ്ത്രീയ - മതേതര - ജനാധിപത്യ വിദ്യാഭ്യാസം' നികുതി പിരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍ സാര്‍വ്വത്രികമായി പ്രദാനം ചെയ്യുക -ഇന്ത്യന്‍ നവോത്ഥാനം മുന്നോട്ട് വച്ച മുദ്രാവാക്യം അതായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം എഴുപത് വര്‍ഷം പിന്നിടുമ്പോഴും ആ ലക്ഷ്യത്തിന് പരിസരത്തെങ്ങുമെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. സ്വാതന്ത്ര ഇന്ത്യ മാറിമാറി ഭരിച്ച എല്ലാ രാഷ്ട്രീയ കക്ഷികളും വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഭരണകൂടത്തെ ഒഴിവാക്കുന്ന പദ്ധതികളാണ് നടപ്പിലാക്കിയത്. വിദ്യാഭ്യാസത്തിന്റെ നടത്തിപ്പില്‍നിന്നും ഭരണകൂടം പിന്മാറുന്നതോടെ, വിദ്യാഭ്യാസം ചെയ്യാനുള്ള മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്തവും ഇന്ത്യയിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ചുമലിലാകുന്നു. ചെറുകിട മുതലാളിമാര്‍ മുതല്‍ സ്വദേശ - വിദേശ കോര്‍പ്പറേറ്റുകളെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ അനുവദിക്കുകയും ചെയ്തതോടെ വിദ്യാഭ്യാസം അതിഭീമമായ ചിലവ് വരുന്ന ഇടപാട് ആയി മാറി. തൊണ്ണൂറുകള്‍ മുതല്‍ നമ്മുടെ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആഗോളവത്ക്കരണ സ്വകാര്യവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്നതിനുള്ള കര്‍മ്മപരിപാടിയാണ് പുതിയ വിദ്യാഭ്യാസ നയങ്ങളുടേയും വിവിധ വിദ്യാഭ്യാസ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളുടേയും ഉള്ളടക്കം.
ചുരുക്കത്തില്‍, വിദ്യാഭ്യാസം, വിശേഷ്യാ ഉന്നത വിദ്യാഭ്യാസം ഭീമമായ ചിലവുവരുന്ന ബിസിനസ്സായി ആയി മാറി. കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ ദരിദ്ര നാരായണന്മാര്‍ക്ക് സ്വപ്നം കാണാനാവാത്ത തുകയാണ് ഇന്ന് വിദ്യാഭ്യാസത്തിന്റെ ചിലവ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അതിന് പരിഹാരമായി മുന്നോട്ട് വച്ച മാന്ത്രിക ദണ്ഡ് - 'വിദ്യാഭ്യാസ വായ്പ' എന്നതായിരുന്നു. പണമില്ലാത്തവര്‍ വായ്പ എടുത്ത് പഠിക്കുക എന്നതാണ് അധികാരികള്‍ രാഷ്ട്രീയ ഭേദമന്യേ മുന്നോട്ട് വയ്ക്കുന്ന മുന്നോട്ടവയ്ക്കുന്ന മുദ്രാവാക്യം. അതാണ് ആഗോളവത്ക്കരണത്തിന്റെ വിദ്യാഭ്യാസ സങ്കല്പം.
2001 മുതല്‍ ഇന്ത്യയില്‍ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കാന്‍ ആരംഭിച്ചു. ഇന്ന് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് അത് കോടികളുടെ ബിസിനസ്സാണ്. 2015 മാര്‍ച്ച് വരെയുള്ള കണക്ക് അനുസരിച്ച് 75,000 കോടി രൂപയാണ് ഇന്ത്യയില്‍ വിദ്യാഭ്യാസ വായ്പയായി എടുത്തിരിക്കുന്നത്. മൊത്തം വിദ്യാഭ്യസ വായ്പയുടെ 40% തമിഴ്‌നാട്, കേരളം എന്നീ രണ്ട് സംസ്ഥാനങ്ങളിലാണ്. 2015 വരെ കേരളത്തില്‍ മാത്രം 10,487 കോടിയാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുവാനായി കടം വാങ്ങിയത്. 2014ലെ കണക്കനുസ്സരിച്ച് 4.03 ലക്ഷം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ മാത്രം വിദ്യാഭ്യാസ വായ്പ എടുത്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 9.56 ലക്ഷം വിദ്യാര്‍ത്ഥികളും. പഠിച്ചിറങ്ങി തൊഴിലോ മാന്യമായ വേതനമോ ലഭിക്കാത്തതിനാല്‍ സാധാരണക്കാരായ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇന്ന് വിദ്യാഭ്യാസ വായ്പാകെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. നഴ്‌സിങ് മേഖലയില്‍ മാത്രം പതിനായിരക്കണക്കിന് കുടുംബങ്ങളാണ്, വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായി അത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നത്. ഇതിനോടകം നഴ്‌സിംഗ് - എന്‍ജിനീയറിംഗ് മേഖലയില്‍ 30-ഓളം ആത്മഹത്യകള്‍ നടന്നുകഴിഞ്ഞു. ജോലിയും കൂടിയുമില്ലാതെ വലയുന്ന പതിനായിരങ്ങളെ വിദ്യാഭ്യാസ വായ്പാകെണിയില്‍ നിന്നും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിദ്യാഭ്യാസം ചെയ്തതിന്റെ പേരില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ ദുരന്തഭൂമിയായി കേരളം മാറും.
വിദ്യാഭ്യാസം ചെയ്യാന്‍ വായ്പ അനുവദിക്കുക എന്നത്, പ്രശ്‌നത്തിന്റെ പരിഹാരമല്ല മറിച്ച്, കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കലാണ്. ദൗര്‍ഭാഗ്യവശാല്‍, നമ്മുടെ നാട്ടിലെ 'ഇടതുപക്ഷ' പ്രസ്ഥാനങ്ങളും അവര്‍ നയിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളും ഈ വസ്തുത മറച്ചുപിടിക്കുകയാണ്. കേന്ദ്ര സര്‍ക്കാരുകള്‍ കൊണ്ടുവന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന്, വലതുപക്ഷത്തെക്കാള്‍ ഉത്‌സാഹം കാട്ടിയിട്ടുള്ളത് ഇടതുപക്ഷമാണ് - 'വിദ്യാഭ്യാസം സൗജന്യമായി നല്‍കേണ്ടതും, ഭരണകൂടത്തിന്റെ ഉത്തരവാദിത്ത്വവും ആണ്' എന്ന സങ്കല്പത്തെ സമൂഹമനസ്സില്‍നിന്നും തുടച്ചുനീക്കാന്‍ മാത്രമേ അവരുടെ ചെയ്തികള്‍ സഹായിച്ചിട്ടുള്ളൂ. വായ്പാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആദ്യ ഇര കേരളത്തില്‍ രജനി എസ്. ആനന്ദ് എന്ന പെണ്‍കുട്ടിയായിരുന്നു. വിദ്യാഭ്യാസം വിലകൊടുത്തു വാങ്ങേണ്ടുന്ന സാഹചര്യം മൂലമാണ് രജനിക്ക് ജീവന്‍ ത്യജിക്കേണ്ടിവന്നത്. അത് മറച്ച്പിടിച്ച് SFI അടക്കമുള്ള പ്രസ്ഥാനങ്ങള്‍ അന്ന് ബാങ്കുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ശരിയായ ദിശയില്‍ ബഹുജന സമരം വളര്‍ത്തിയെടുക്കാനോ നികുതിപിരിക്കുന്ന സര്‍ക്കാരിന്റെ ബാദ്ധ്യതയാണ് വിദ്യാഭ്യാസമെന്ന സങ്കല്പം സ്ഥാപിച്ചെടുക്കാനോ അവര്‍ ശ്രമിച്ചിട്ടില്ല. പകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട്, അതേ ജനദ്രോഹ നയങ്ങളുടെ വക്താക്കളായി മാറി.
വിദ്യാഭ്യാസച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുകയും ആഗോളവല്‍ക്കരണ നയങ്ങളെ ചെറുക്കുകയുമാണ് ഈ പ്രശ്‌നത്തിനുള്ള ശാശ്വതപരിഹാരം. നിലവിലുള്ള വിദ്യാഭ്യാസ വായ്പ സമ്പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയും അവരുടെ മാതാപിതാക്കളെയും കടക്കെണിയില്‍ നിന്നും ആത്മഹത്യയില്‍നിന്നും മോചിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാരുകളെക്കൊണ്ട് ഈ ദൗത്യം ഏറ്റെടുപ്പിക്കാനുതകുന്ന ശക്തമായ പ്രക്ഷോഭണം കെട്ടിപ്പടുക്കുക എന്നതാണ് വിദ്യാഭ്യാസം ചെയ്ത് കടക്കെണിയിലായവരുടെ മുന്നിലൂള്ള ഏക പോംവഴി.
No comments:
Post a Comment